കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ ക്രൂര മർദ്ദനം; റിപ്പോർട്ട് തേടി ഹൈക്കോടതി
തിരുവനന്തപുരം: കെവിന്‍ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി ടിറ്റോ ജെറോമിന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ടിറ്റോ ജെറോം കഴിഞ്ഞിരുന്നത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ ടിറ്റോയെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെ ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ജയിലിലെത്തി പരിശോധന നടത്താന്‍ തിരുവനന്തപുരം ജില്ലാ ജഡ്‍ജിയോട് നിര്‍ദേശിച്ചു. ഡിഎംഒയോടും ജയില്‍ ഐജിയോടും തല്‍സ്ഥിതി അറിയാനും ആവശ്യപ്പെട്ടു.
മൂവരും നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മര്‍ദനമേറ്റെന്നും ആന്തരിക പരിക്കുണ്ടെന്നും പ്രാഥമിക പരിശോധനയില്‍ ബോധ്യമായത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉടനടി ടിറ്റു ജെറോമിനെ മാറ്റി.
ഇക്കാര്യം ജില്ലാ ജഡ്ജി തൊട്ടുപിന്നാലെ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ആശുപത്രിയില്‍ ടിറ്റുവിന്റെ സുരക്ഷക്കായി ജയില്‍ അധികൃതര്‍ വേണ്ടെന്നും പൊലീസ് മതിയെന്നും നിര്‍ദേശിച്ചു. സംഭവിച്ചത് സംബന്ധിച്ച് ജയില്‍ ഡിജിപി നാളെത്തന്നെ ജില്ലാ ജഡ്ജിക്ക് റിപ്പോര്‍ട് നല്‍കണം. കെവിന്‍ വധക്കേസിലെ ഒന്‍പതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം.