ഇന്ത്യ നിർമ്മിച്ച രണ്ടു കോവിഡ് വാക്‌സിനുകളിലൂടെ മനുഷ്യ സമൂഹത്തെ മുഴുവന്‍ രക്ഷിക്കാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യ സ്വയം നിര്‍മ്മിച്ച രണ്ടു കോവിഡ് വാക്‌സിനുകളിലൂടെ ലോക മനുഷ്യ സമൂഹത്തിനെ മുഴുവന്‍ രക്ഷിക്കാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിലെ മുഴുവന്‍ ഇന്ത്യന്‍ വംശജരും മനസ്സുകൊണ്ട് കോര്‍ത്തിണ ക്കപ്പെട്ടിരിക്കുന്നു. എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്ന ഐക്യം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. ഈ ഐക്യം മഹാമാരിക്കെതിരെ പോരാടുന്നതിനും നമുക്ക് ഇരട്ടി കരുത്ത് നല്‍കുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ഇന്ത്യയിലെ പൊതു ആരോഗ്യരംഗത്തെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് നാം മുന്നേറുകയാണ്. രണ്ടു വാക്‌സിനുകളിലൂടെ ആരോഗ്യപ്രതിസന്ധികളും നാം മറികടക്കും. പി.പി.ഇ കിറ്റ്, മാസ്ക്, വെന്റിലേറ്റർ മുതലായ ഉപകരണങ്ങൾ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്.
കൊറോണ കാലത്ത് ലോകത്തിലെ മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യമായി മാറാന്‍ നമുക്കായി. ഒപ്പം രോഗമുക്തിനിരക്കില്‍ ലോകത്ത് നാം ഒന്നാമതായി. അതിനാല്‍ത്തന്നെ വാക്‌സിന്‍ ഒന്നിന് രണ്ട് എണ്ണം ലോകത്തിന് സമ്മാനിക്കാന്‍ ഇന്ത്യക്ക് സന്തോഷമേയുള്ളുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകൾ പറഞ്ഞു. എന്നാൽ യാഥാർഥ്യം, ഇന്ത്യ ഇന്ന് ശക്തവും ഊർജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചുനിൽക്കുന്നു. അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചർച്ചചെയ്യപ്പെടുകയാണ്. പുനരുപയോഗ ഊർജ്ജമേഖലയിൽ വികസ്വര രാജ്യത്തിനും നേതൃത്വം നൽകാമെന്ന് തങ്ങൾ തെളിയിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.