വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
കൊച്ചി : നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ വൈറ്റില , കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. വൈറ്റില മേല്‍പാലം രാവിലെ 9.30നും കുണ്ടന്നൂര്‍ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായാണ് പാലം ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തും.
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ അവസാനവട്ട മിനുക്ക് പണികളെല്ലാം ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. വൈറ്റില മേല്‍പ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂര്‍ പാലത്തിന് 83 കോടി രൂപയുമാണ് ചിലവ് വന്നത്.
2017 ഡിസംബര്‍ പതിനൊന്നിനായിരുന്നു നിര്‍മ്മാണം തുടങ്ങിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനും കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനവുമായ കൊച്ചി നഗരത്തിലെ വലിയ ഗതാഗതക്കുരുക്കിനാണ് രണ്ടു പാലങ്ങൾ തുറന്നു കൊടുക്കുന്നതിലൂടെ പരിഹാരമാവുക.