വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് തുറന്നുനൽകി
കൊച്ചി : വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് തുറന്നുനൽകി. വീഡിയോകോൺഫറൻസ് വഴിയാണ് മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.സമയബന്ധിതമായി പാലം പണി പൂര്‍ത്തീകരിച്ച പൊതുമരാമത്തു വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമായതോടെ സാധ്യമാകും. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് മേൽപ്പാലങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉദ്ഘാടനത്തിന് മുമ്പേ മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചിയേയും, അവരെ പിന്തുണച്ച് രംഗത്തുവന്ന റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയേയും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമർശിച്ചു. ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി ഘട്ടത്തിലോ ഇവരെ കാണാനായില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇവരുടെ ആത്മരോഷം ഉണര്‍ന്നതായി കണ്ടില്ല. മേല്‍പ്പാലം സമയബന്ധിതമായി സുരക്ഷ ഉറപ്പാക്കി നാടിന് സമര്‍പ്പിക്കുമ്പോള്‍ അത് ചെയ്യുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്നത് അസ്വസ്ഥപ്പെടുത്തുന്ന ചിലരുണ്ടാകാമെന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അതുവഴി പ്രശസ്തി നേടുകയെന്ന തന്ത്രമാണ് ഇവരുടേത്. ഇവര്‍ ജനാധിപത്യ വാദികളെന്ന് നടിക്കുന്നതിലെ കുബുദ്ധി ജനങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അടിയന്തര പ്രധാന്യത്തോടെ കാണുന്ന വിഷയം നാടിന്റെ വികസനം എന്നതാണ്. വികസനം സാധ്യമാക്കണമെങ്കില്‍ അടിസ്ഥാന സൗകര്യം ഉണ്ടായേ തീരു. എറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യം റോഡുകളും പാലങ്ങളുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങിൽ ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളിൽ മുഖ്യാതിതിഥിയായി. മേയര്‍ എം അനില്‍കുമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.