Top Stories

കേരളത്തില്‍ ഇന്ന് ശക്തമായ ഇടിമിന്നലൊടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്.
ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാമെന്നും അറിയിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നാണ് നിര്‍ദേശം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും പ്രത്യേകം അറിയിക്കുന്നുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. പട്ടം പറത്തുവാന്‍ പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്‌. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്‌.

കേരളതീരത്തു ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ് വന്ന പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2021 ജനുവരി 9 രാവിലെ 10:30 മുതല്‍ ജനുവരി 11 രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും (1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിരിക്കുന്നത്.

കടലാക്രമണം രൂക്ഷമാകാന്‍ സാധ്യത ഉള്ളതിനാല്‍ തീരമേഖലയില്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കുക. ബീച്ചിലേക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button