Top Stories

ഗന്ധർവ്വ നാദത്തിന് ഇന്ന് 81 വയസ്സ്

ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാൾ. എല്ലാ പിറന്നാള്‍ ദിവസവും കൊല്ലൂരില്‍ മൂകാംബികാ ക്ഷേത്രത്തില്‍ മുടങ്ങാതെ എത്താറുണ്ടായിരുന്നു മലയാളത്തിന്‍റെ പ്രിയ ഗായകന്‍. ഇത്തവണ കൊവിഡ് അത് മുടക്കി. അമേരിക്കയിലെ ഡല്ലാസിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കഴിഞ്ഞ 48 വര്‍ഷത്തില്‍ ഒരു തവണ പോലും ജന്മദിനമായ ജനുവരി 10-ന് അദ്ദേഹം കൊല്ലൂരെത്തുന്നത് മുടക്കിയിരുന്നില്ല. പക്ഷേ കോവിഡ് മഹാമാരി തടസ്സമായതോടെ ഗാനഗന്ധര്‍വന്‍ ഇത്തവണ പിറന്നാള്‍ ആഘോഷത്തിനായി കൊല്ലൂരില്‍ എത്തില്ല. കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധര്‍വ്വന്റെ പിറന്നാള്‍ ആഘോഷം. ലോകത്തിന്റെ ഏതു കോണിലായാലും ജനുവരി 10ന് തന്റെ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വ്വന്‍ കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ എത്തും.

കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയില്‍ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി പേരാണ് അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയില്‍ എത്തിയത്.

ആഘോഷം കഴിഞ്ഞ് ഫെബ്രുവരി പകുതിയോടെ യേശുദാസ് അമേരിക്കയിലെ ഡല്ലാസിലേക്കാണ് പോയത്. എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസം അവസാനം പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ ഓര്‍മ ദിനത്തില്‍ ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പില്‍ നടക്കുന്ന സംഗീത കച്ചേരിക്ക് എത്താമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്.അതിനിടെയാണ് ലോകത്തെ നടുക്കിയ മഹാമാരി പടര്‍ന്നുപിടിച്ചത്. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി.

ശരീരം കൊണ്ട് മൂകാംബിംക ദേവിയുടെ തിരുസന്നിധിയില്‍ എത്താന്‍ ആവില്ലെങ്കിലും ഇക്കുറിയും ജനുവരി 10ന് യേശുദാസിന്റെ ഗന്ധര്‍വ്വ സംഗീതം ക്ഷേത്ര നടയിലെത്തും. വെബ്കാസ്റ്റ് വഴിയാണ് യേശുദാസിന്റെ സംഗീതാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ദേവിക്ക് മുന്നിലെത്തുക. ഇതിനായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ പ്രത്യേക സ്‌ക്രീന്‍ സൗകര്യമൊരുക്കും.
കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്റെ ആയുരാരോഗ്യത്തിനായി കൊല്ലൂരില്‍ അഖണ്ഡ സംഗീതാര്‍ച്ചന നടത്തി വരുന്നുണ്ട്. ഇക്കുറിയും യേശുദാസ് സംഗീതോത്സവം മൂകാംബിക ക്ഷേത്രത്തില്‍ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button