കൊവിഡ് വാക്സിൻ കേന്ദ്രം വാങ്ങി നൽകും: പ്രധാനമന്ത്രി
ന്യൂഡൽഹി : കൊവിഡ് വാക്സിനുകൾ മരുന്ന് കമ്പനികളില്‍ നിന്ന് കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത് അഭിമാന നിമിഷമാണ്. കേന്ദ്രം ആദ്യ ഘട്ടത്തിലെ മുഴുവന്‍ ചെലവും വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഫെഡറല്‍ സംവിധാനത്തിന്റെ മഹനീയ മാതൃകയാവും വാക്സീന് വിതരണത്തിലും ദൃശ്യമാകുക. ഇപ്പോള്‍ വിതരണത്തിനുള്ള വാക്സീനുകള്‍ വില കുറഞ്ഞതും സുരക്ഷിതവുമാണ്. ശനിയാഴ്ച മുതല്‍ വാക്സീന് നല്കി തുടങ്ങും. അന്‍പത് വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഘട്ടം വാക്സിന് നല്‍കും. മൂന്ന് കോടി മുന്നണി പോരാളികള്‍ക്ക് ആദ്യഘട്ടം വാക്സീന് നല്‍കും. രണ്ട് വാക്സീനുകള്‍ക്ക് ശാസ്ത്രീയ അനുമതി കിട്ടിക്കഴിഞ്ഞു. നാലിലധികം വാക്സീനുകള്‍ പരീക്ഷണ ഘട്ടത്തിലുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി നൽകുന്ന ഒന്നാംഘട്ട വാക്സിനേഷനിൽ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയക്കാർ അവരുടെ അവസരത്തിനായി കാത്തു നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സീനേഷനില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരേ മനസോടെ നീങ്ങണമെന്ന് യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.