News

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ ധാരണയായി

തിരുവനന്തപുരം : സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ ധാരണയായി.  മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.  കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്‌ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്ക് ശേഷം പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബർ പ്രസിഡന്റ് വിജയ കുമാർ, ഫിയോക്ക് ജനറൽ സെക്രട്ടറി ബോബി എന്നിവരാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.  സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററിൽ പ്രവേശിപ്പിക്കാവൂ എന്ന കർശനമായ നിബന്ധനയുമുണ്ട്.

ഇന്ന് വൈകിട്ട് കൊച്ചിയിൽ വെച്ച് നിർമ്മാതാക്കളുടെ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിർമ്മാതാക്കളെയാണ് യോഗത്തിൽ വിളിച്ചിരിക്കുന്നത്. സിനിമകൾ മുൻഗണന അടിസ്ഥാനത്തിൽ റിലീസ് ചെയ്യുന്ന കാര്യങ്ങൾ ഇവരുമായി ചർച്ച ചെയ്യും. തിയേറ്റർ തുറക്കുന്ന തീയതിയും യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

ഇതോടെ ജനുവരി 13-ന് പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന് കേരളത്തിൽ റിലീസ് ചെയ്യാനാകും. സാമ്പത്തിക പാക്കേജില്ലാതെ തിയേറ്റർ തുറക്കില്ലെന്ന് നിലപാട് ഫിയോക് സ്വീകരിച്ചതോടെ മാസ്റ്ററിന്റെ നിർമ്മാതാക്കളും കേരളത്തിലെ വിതരണക്കാരും ആശങ്കയിലായിരുന്നു. ജനുവരി അഞ്ചുമുതൽ സിനിമാ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button