Top Stories
വാളയാർ കേസ് സിബിഐക്ക് വിട്ടു
തിരുവനന്തപുരം : വാളയാർ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്. മരിച്ച പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ നടപടി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഉടൻതന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിർദേശം സമർപ്പിക്കും.
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനർവിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തിനെതിരെയും വിചാരണക്കോടതിക്കെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയാണ് വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.