Top Stories

വിവാദ കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : വിവാദ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു.  ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്.

നിയമം താൽകാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങൾക്കുണ്ട്. എന്നാൽ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അതുകൊണ്ടാണ് വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവർ സമിതി മുമ്പാകെ വരാം. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമിതി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കരിന് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

കാർഷിക നിയമങ്ങൾ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാൽ കാർഷിക മേഖലയിലെ പരിഷ്കരണങ്ങളിൽനിന്ന് പിന്മാറാൻ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്ക് നിയമങ്ങൾ സ്വീകാര്യമാണ്. ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമങ്ങളെ എതിർക്കുന്നത്. അവരുമായി ചർച്ച നടത്തി വരിയാണ്. മുൻവിധികളോടെയാണ് ചില കർഷക സംഘടനകൾ ചർച്ചകളിൽ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കർഷകർക്ക് ഇടയിൽ തെറ്റായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കർഷകർ അല്ലാത്ത ചിലർ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നൽകിയ  സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button