Top Stories

ആദ്യ ബാച്ച് കോവിഡ് വാക്സിൻ കൊച്ചിയിലെത്തി; തിരുവനന്തപുരത്ത് വൈകിട്ടെത്തും

കൊച്ചി : സംസ്ഥാനത്ത് ആദ്യഘട്ട കുത്തിവയ്പ്പിനുള്ള കോവിഡ് വാക്സിൻ കൊച്ചിയിലെത്തി. മുംബൈയിൽനിന്നുള്ള ​ഗോ എയർ വിമാനത്തിലാണ് കോവിഷീൽഡ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പ്രതിരോധ മരുന്ന് കൊച്ചിയിൽ എത്തിച്ചത്.

1.80 ലക്ഷം ഡോസ് വാക്സിൻ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്സുകളിലായാണ് എത്തിച്ചിട്ടുള്ളത്.വിമാനത്താവളത്തിൽ നിന്നും കോവിഡ് വാക്സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിൽ എത്തിക്കും. അവിടെ നിന്നും ഉച്ചക്ക് തന്നെ സമീപ ജില്ലകളായ പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലേക്ക് വാക്സിൻ അയക്കും. ഒരു ബോക്സിൽ 12000 ഡോസ് വീതം 25 ബോക്സുകൾ ഉണ്ടാവും. കനത്ത പോലീസ് സുരക്ഷയിലാണ് വാക്സിൻ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്.

സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്സീന്‍ എത്തിക്കുക. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സീനേഷന്‍ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സീനേഷന്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സീന്‍ നല്‍കും.

എറണാകുളത്താണ് കൂടുതൽ പേർക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്. 15 ബോക്സുകളാണ് എറണാകുളത്തിന് അനുവദിച്ചിട്ടുള്ളത്. 63,000 പേരാണ് ജില്ലയിൽ പ്രതിരോധ മരുന്നിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 12 കേന്ദ്രങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പ് എറണാകുളത്ത് നടത്തുക.

4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,00 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. 1100 ഡോസ് മാഹിയിൽ വിതരണം ചെയ്യാനുള്ളതാണ്.

വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജണൽസ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button