ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ്; ജൂലൈ മാസത്തോടെ കെ-ഫോൺ പദ്ധതി പൂർത്തിയാക്കും
തിരുവനന്തപുരം : കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോൺ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. കെ-ഫോൺ പദ്ധതിയിൽ ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകളിൽ അതിവേഗ ഇൻട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എം.പി പെർ സെക്കന്റ് മുതൽ 1 ജി.ബി പെർ സെക്കന്റ് വരെയായിരിക്കും ഇന്റർനെറ്റിന്റെ വേഗത.
ജൂലൈ മാസത്തോടെ കെ-ഫോൺ പദ്ധതി പൂർത്തിയാക്കും. കേരളത്തിലെ എല്ലാ സേവന ദാതാക്കൾക്കും കെ-ഫോൺ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കിൽ മികച്ച ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കേരളത്തിലെ ഇന്റർനെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചെറുകിട വ്യവസായങ്ങൾ, ടൂറിസം ഉൾപ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകൾ, ഇ-കൊമേഴ്സ് മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ കെ-ഫോൺ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.