Top Stories

രാജ്യത്ത് കൊവിഡ് വാക്സീന്‍ കുത്തിവയ്പ്പ് നാളെ മുതൽ

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്സീന്‍ കുത്തിവയ്പ്പ് നാളെ തുടങ്ങും. മൂന്നുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സീന്‍ നല്‍കുന്നത്. പ്രധാനമന്ത്രിയാണ് വാക്സീന്‍ വിതരണം ഉദ്ഘാടനം ചെയ്യുക. രാജ്യമൊട്ടാകെ 2,934 വാക്സീനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ ഒരേ വാക്സീന്‍ തന്നെയാകണം രണ്ട് തവണയും നല്‍കേണ്ടത്. കൊവിഷീല്‍ഡോ, കൊവാക്സിനോ എന്നത് അതാതിടങ്ങളിലെ ലഭ്യതക്കനുസരിച്ച്‌ തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ രാവിലെ 9 മണി മുതല്‍ കൊവിഡ് വാക്സിന്‍ കുത്തിവയ്പ് തുടങ്ങും. 133 കേന്ദ്രങ്ങളില്‍ ആയി 100 വീതം പേര്‍ക്കാണ് ഓരോ ദിവസവും കുത്തിവയ്പ്പ് നല്‍കുക. ആദ്യ ഘട്ടത്തില്‍ 3,62,870 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ് വാക്സീന്‍ നല്‍കുന്നത്.

ആദ്യദിനമായ നാളെ 13,300 പേര്‍ക്ക് വാക്സിന്‍ നല്‍കും. സംസ്ഥാനത്തെത്തിയ 4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ ജില്ലകളിലെത്തിച്ചു. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട വാക്സിന്‍ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ജില്ലാ വെയര്‍ഹൗസുകളിലേക്ക് മാറ്റിയത്.

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 വീതവും മറ്റ് ജില്ലകളില്‍ ഒമ്പത് വീതം വാക്സിനേഷന്‍ കേന്ദ്രങ്ങളുമാണ് ഉള്ളത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കുത്തിവയ്പ്പ്. വാക്സിന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏതു കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൊവിഡ് ബാധിച്ച്‌ നാലാഴ്ച കഴിയാത്തവര്‍, കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ എന്നിവരെ ഒഴിവാക്കും. ഇടതു കൈയിലാണ് കുത്തിവയ്പ്. ആദ്യ ഡോസ് സ്വീകരിച്ച്‌ 28ാം ദിവസം അടുത്ത ഡോസ് എടുക്കണം. ഫെബ്രുവരി ആദ്യം അടുത്ത ബാച്ച്‌ വാക്സിനെത്തുമെന്നാണ് വിവരം.അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്സിന്‍ നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button