Top Stories

കെഎസ്‌ആര്‍ടിസിയിൽ വ്യാപക തട്ടിപ്പ്;100 കോടിയോളം രൂപ കാണാനില്ല: തുറന്നടിച്ച്‌ എം.ഡി

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ഡി ബിജുപ്രഭാകര്‍. ജീവനക്കാര്‍ ഡീസല്‍ വെട്ടിപ്പ് നടത്തുന്നു, ടിക്കറ്റ് മെഷീനിലും ക്രമക്കേട് നടത്തുന്നു. വര്‍ക്ക്‌ഷോപ്പുകളില്‍ സാമഗ്രഹികള്‍ വാങ്ങുന്നതിലും വ്യാപകമായ ക്രമക്കേടുണ്ട്. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെ.എസ്.ആര്‍.ടി.സിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരേ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരേയും നടപടിസ്വീകരിക്കും. പൊട്ടിത്തെറിച്ച്‌ ബിജു പ്രഭാകർ.

ഇപ്പോള്‍ സി.എന്‍.ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണ്. ഡീസലില്‍ മാത്രമല്ല ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ്സ് സര്‍വീസുകാരെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. ജീവനക്കാരെ മുഴുവനായും അങ്ങിനെ കാണുന്നില്ല എന്നാല്‍ പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെട്ടിപ്പ് നടത്തുന്നവര്‍ക്കെതരേ ശക്തമായ നടപടിയെടുക്കും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ മാറ്റം വരുത്തും. ജീവനക്കാരിലെ പലരും ജോലി ചെയ്യാതെ ഇഞ്ചി കൃഷിയും മഞ്ഞള്‍ കൃഷിയും ചെയ്യുന്നു. ആരേയും പിരിച്ചുവിടില്ലെങ്കിലും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍ബന്ധിത വി ആര്‍ എസ് ഉണ്ടാകില്ല. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ആര്‍ടിസി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഷോപ്പിംഗ് കോംപ്ലെക്‌സുകള്‍ നിര്‍മിച്ചത് വേണ്ടത്ര പഠനമില്ലാതെയെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. 100 കോടിയുടെ തിരിമറി കെഎസ്‌ആര്‍ടിസിയില്‍ നടന്നതായും അദ്ദേഹം വ്യക്തമാക്കി. 2010 – 15 കാലഘട്ടത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകും.

ബിജുപ്രഭാകര്‍ സി എം ഡി ആയി വന്നശേഷം പല തരത്തിലുളള മാറ്റങ്ങള്‍ കെ എസ് ആര്‍ ടി സിയില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് യൂണിയനെതിരെ ഏറ്റുമുട്ടലിലേക്ക് ബിജുപ്രഭാകര്‍ നീങ്ങുന്നത്. ഏറെ നാളായി നിലനില്‍ക്കുന്ന ശീത സമരത്തിന് ഒടുവിലാണ് ബിജുപ്രഭാകറിന്റെ പ്രസ്‌താവന വന്നിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ തലപ്പത്ത് ബിജുപ്രഭാകര്‍ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് ജീവനക്കാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമുണ്ടാകുന്നത്. അതേസമയം ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച്‌ യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button