കോവിഡ് വാക്സിൻ കുത്തിവെപ്പ് ഇന്ന് മുതൽ
തിരുവനന്തപുരം : കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ഇന്ന് മുതൽ തുടങ്ങും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം. എറണാകുളത്ത് 12-ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11-ഉം കേന്ദ്രങ്ങളുണ്ടാകും. ബാക്കി ജില്ലകളിൽ ഒമ്പതുകേന്ദ്രങ്ങൾ വീതമാണുണ്ടാകുക. വാക്സിൻ വിതരണം ഉൽഘാടനം ചെയ്യുന്നത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും.
ഓരോ ആള്‍ക്കും 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഫലം ലഭിക്കൂ. ശനിയാഴ്ചത്തെ നടപടികൾ വിലയിരുത്തി തിങ്കളാഴ്ചമുതൽ കുത്തിവെപ്പ് തുടരും.
വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്ക്കരണം നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ.(Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്‌സിനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്‌സിന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കും.