Top Stories

രാജ്യത്തിന്റെ ഏറെനാളായുള്ള ചോദ്യത്തിന് ഉത്തരമായെന്ന് പ്രധാനമന്ത്രി; രാജ്യം സ്വന്തമായി നിർമ്മിച്ച കോവിഡ് വാക്സിൻ ഉപയോഗിച്ചു തുടങ്ങി

ന്യൂഡൽഹി : കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രം കുറിച്ചുകൊണ്ട് രാജ്യം സ്വന്തമായി നിർമ്മിച്ച കോവിഡ് വാക്സിൻ ഉപയോഗത്തിന് തുടക്കം കുറിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ വാക്സീൻ കുത്തിവയ്പ്പ് ഉദ്ഘാടനം ചെയ്യ്തു. രാജ്യത്തിന്റെ ഏറെനാളായുള്ള ചോദ്യത്തിന് ഉത്തരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യവ്യാപക കോവിഡ് വാക്സിനേഷൻ യജ്ഞം ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നത്. ഒരു വാക്സിൻ തന്നെ വികസിപ്പിക്കാൻ വർഷങ്ങൾ ആവശ്യമാണെന്നും എന്നാൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ, ഒന്നല്ല രണ്ട് ‘മേയ്ഡ് ഇൻ ഇന്ത്യ’ വാക്സിനുകൾ കോവിഡിന് എതിരായി രാജ്യം തയ്യാറാക്കിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അത് ലഭ്യമായിരിക്കുന്നു. കോവിഡിനെതിരായ പോരാട്ടം തുടരണം. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം മാസ്ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകൾ ചെയ്യരുത്. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ് പ്രതിരോധശേഷി രൂപപ്പെടുന്നതെന്നും മോദി ഓർമ്മിപ്പിച്ചു.  കൊറോണ വൈറസ് വാക്സിന്റെ രണ്ടു ഡോസുകളും പ്രധാനപ്പെട്ടതാണ്. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരു മാസത്തെ ഇടവേളയുണ്ടാകണമെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ചരിത്രത്തിൽ ഇതുവരെ ഇത്രയും വലിയതോതിൽ വാക്സിനേഷൻ നടത്തിയിട്ടില്ല. മൂന്നുകോടിയിൽ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാൽ ഇന്ത്യ ആദ്യഘട്ടത്തിൽ മാത്രം മൂന്നുകോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുകയാണ്. രണ്ടാംഘട്ട വാക്സീൻ 30 കോടി പേർക്ക് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്.  സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ കുത്തിവയ്ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button