എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം
കൊച്ചി : എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളിലും റബ്ബര്‍ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. രാത്രി 12 മണിയോടെയാണ് എടയാര്‍ വ്യവസായ മേഖലയിലെ ഒറിയോണ്‍ എന്ന പെയിന്റ് ഉത്പന്ന കന്പനിയില്‍ തീപിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട തൊഴിലാളികള്‍ ഓടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി.
ഓറിയോണില്‍ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടര്‍ന്നു. ജനറല്‍ കെമിക്കല്‍സ്, ശ്രീ കോവില്‍ റബ്ബര്‍ റീസൈക്ലിങ് യൂണിറ്റ് എന്നിവിടങ്ങളിലേക്കാണ് തീ പടര്‍ന്നത്. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ മുപ്പതിലധികം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറെടുത്താണ് തീ പൂര്‍ണമായും അണച്ചത്.
450 ഏക്കറില്‍ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തീപിടുത്തം കോടികളുടെ നാശ നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.