അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ 46-ാംപ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകും.ആക്രമണ സാധ്യത മുന്നില്‍ കണ്ട് അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്.
വാഷിങ്ടണിന്റെ വീഥികളിലും കാപ്പിറ്റോൾ കുന്നിന്റെ പരിസരത്തും കാൽലക്ഷം നാഷണൽ ഗാർഡ് സൈനികർ കണ്ണും കാതും കൂർപ്പിച്ചുനിൽക്കും. 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. എഫ്.ബി.ഐ. സൂക്ഷ്മപരിശോധനയ്ക്കുശേഷം തിരഞ്ഞെടുത്തവരാണ് വാഷിങ്ടണിൽ കാവലിനുള്ള പട്ടാളക്കാർ. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ചടങ്ങുകള്‍ക്കായി വാഷിങ്ടണ്‍ ഡിസിയിലെത്തി.
പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങുകാണാൻ അമേരിക്കയുടെ വിവിധഭാഗങ്ങളിൽനിന്ന് സാധാരണ രണ്ടുലക്ഷം പേരെങ്കിലും എത്താറുണ്ട്. എന്നാൽ ഇത്തവണ കോവിഡ് മഹാമാരിയും, സുരക്ഷാ മുൻകരുതലുകളും കാരണം വാഷിങ്ടൺ ഡി.സി.യിലെ നാഷണൽ മാൾ ഒഴിഞ്ഞുകിടക്കും. ഓരോ നാലുവർഷം കൂടുമ്പോഴും അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനരോഹണ ചടങ്ങിൽ ലോകം ടെലിവിഷനിലൂടെ കണ്ടിരുന്ന നോക്കെത്താദൂരം പരന്നുകിടക്കുന്ന ജനസമുദ്രത്തിന്റെ ദൃശ്യം ഇത്തവണയുണ്ടാവില്ല.
അതിനിടെ പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന്, വിടവാങ്ങല്‍ വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ക്യാപിറ്റോള്‍ കലാപത്തിനെതിരെയും വിടവാങ്ങല്‍ സന്ദേശത്തില്‍ ഡോണള്‍ഡ് ട്രംപ് പരാമര്‍ശിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ട്രംപ് പറഞ്ഞു. സന്ദേശത്തില്‍ ബൈഡനെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.