പതിന്നാലുകാരിയെ ബലാല്‍സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചുമൂടി
ഭോപ്പാൽ : മധ്യപ്രദേശിലെ ബൈതുലില്‍ പതിന്നാലുകാരിയെ ബലാല്‍സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചുമൂടി. കല്ല് സ്ലാബിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടി നാഗ്പൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതി സുശീൽ വർമയെ പോലീസ് അറസ്റ്റു ചെയ്തു.
കൃഷിയിടത്തിൽ മോട്ടോർ പമ്പ് നിർത്തുന്നതിനായി പോയ പെൺകുട്ടിയെയാണ് കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ മുപ്പത്തിയാറുകാരൻ പീഡിപ്പിച്ചത്. തങ്ങളുടെ കൃഷിടത്തിലേക്കുള്ള മോട്ടോർ പമ്പ് നിർത്തുന്നതിനായിട്ടാണ് പെൺകുട്ടി പോയിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന സുശീൽ അവളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ മർദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു. തുടർന്ന് കല്ലുസ്ലാബിന്റെ അടിയിൽ കുഴിച്ചിടുകയും ചെയ്തു.
പെൺകുട്ടി തിരിച്ചെത്താതെ ഇരുന്നതോടെ വീട്ടുകാർ തിരിച്ചിൽ നടത്തി. രാത്രിയോടെയാണ് കൃഷിയിടത്തിനു സമീപം സംശയകരമായ രീതിയിൽ കാലടികൾ കണ്ടത്. അതു പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.