സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപ്പിടുത്തം: 5 പേര്‍ മരിച്ചതായി സ്ഥിരീകരണം
പൂനെ : സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. തീപിടിച്ച കെട്ടിട്ടത്തില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ആദ്യം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് സിഇഒ അറിയിച്ചെങ്കിലും അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചത്. വൈദ്യുത ലൈനിലെ തകരാറാണ് അപകടകാരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കാറെ അറിയിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരാണ് മരിച്ചത്. 6 പേരെ കെട്ടിടത്തിനുള്ളിൽ നിന്നും രക്ഷപെടുത്തി. അതേസമയം കൊവിഷീല്‍ഡ് വാക്സീന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് തീ പിടിച്ച കെട്ടിട്ടത്തിന് അകലെയായതിനാല്‍ വാക്സീന്‍ നിര്‍മ്മാണവും വിതരണവും തടസമില്ലാതെ നടക്കും. അഗ്നിബാധയെക്കുറിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്. അഗ്നിരക്ഷാസേന അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.