ഓപ്പറേഷന്‍ സ്ക്രീന്‍ നിർത്തിവച്ചു
തിരുവനന്തപുരം : കര്‍ട്ടനും കൂളിങ് ഫിലിമും ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്ക്രീന്‍ എന്ന പേരില്‍ നടത്തിയിരുന്ന പ്രത്യേക പരിശോധന നിര്‍ത്തി വയ്ക്കാൻ ഉത്തരവ്. ഗതാഗത കമ്മീഷണർ ആണ് ഉത്തരവിട്ടത്. എന്നാല്‍, വാഹന ഉടമകള്‍ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടു. പതിവ് പരിശോധനകള്‍ തുടരണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന പുതിയ നിര്‍ദേശം. പ്രത്യേക പരിശോധന ഉണ്ടാകില്ലെങ്കിലും വാഹനങ്ങളിലെ ഗ്ലാസുകളില്‍ സ്റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരും.
വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകള്‍ പതിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു. സാധാരണക്കാർക്ക് പിഴയിടുമ്പോൾ നിയമലംഘനം നടത്തിയ മന്ത്രിമാരുടെയും, എംഎൽഎമാരുടെയും, ഉന്നത ഉദ്യോഗസ്ഥരുടേയുമൊക്കെ വാഹനങ്ങൾക്ക് നേരെ നടപടി എടുക്കാത്തത് വിവാദമായിരുന്നു.