സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും
പൂനെ : സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സൈറസ് പൂനാവാലെയാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തം ഉണ്ടായ ഫ്‌ളോറില്‍ ജോലി ചെയ്തിരുന്ന അഞ്ച് പേരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ യുപി സ്വദേശികളും ഒരാള്‍ ബിഹാര്‍ സ്വദേശിയും രണ്ട് പേര്‍ പൂനെയില്‍ നിന്നുളളവരുമാണ്. ഇവരുടെ ശരീരം പൂര്‍ണമായി കത്തിയിരുന്നു.
അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. നഷ്ടപരിഹാരമായി മാനദണ്ഡങ്ങള്‍ അനുസരിച്ച് കൂടുതല്‍ തുക നല്‍കാന്‍ തയ്യാറാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. വെല്‍ഡിംഗ് ജോലികള്‍ക്കിടയിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. കൊറോണ വാക്‌സിന്‍ നിര്‍മാണ കേന്ദ്രമായതിനാല്‍ തീപിടുത്തം രാജ്യത്തെ മുഴുവന്‍ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ വാക്‌സിന്‍ നിര്‍മാണ സ്ഥലത്തല്ല തീപിടുത്തം ഉണ്ടായതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
പത്തോളം അഗ്നിശമന സേനായൂണിറ്റുകളാണ് തീയണയ്ക്കാന്‍ പരിശ്രമിച്ചത്. സിറ്റി പോലീസും സഹായത്തിനെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണസേനയുടെ യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു.