Top Stories

കർഷകർ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പില്‍ ഇന്ന് തീരുമാനം; ഒരു ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരന്നേക്കും

ന്യൂഡൽഹി : ദില്ലിയില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കർഷകർ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പില്‍ ഇന്ന് തീരുമാനം. കര്‍ഷക സംഘടനകള്‍ റൂട്ട് മാപ്പില്‍ വ്യക്തത വരുത്തി ഡല്‍ഹി പൊലീസിന് കൈമാറും. ദില്ലി നഗരത്തിലൂടെ മൂന്ന് സമാന പാതകളായിരിക്കും ഒരുക്കുക. ഇന്നലെയാണ് റാലിക്ക് പൊലീസ് അനുമതി നല്‍കിയത്. സഞ്ചാര പാത രേഖാമൂലം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്താനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്.

ട്രാക്ടറുകളുടെ നീക്കം സുഗമമാക്കുന്നതിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെയും ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 20 അംഗ കേന്ദ്ര സമിതിയെയും കര്‍ഷകര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ നിരവധി ഉപസമിതികളും പ്രവര്‍ത്തിക്കും.

ഓരോ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ബാഡ്ജുകള്‍, ജാക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നല്‍കും. കുടിവെള്ളം, ഭക്ഷ്യവസ്തുക്കള്‍ പോലുളള അവശ്യവസ്തുക്കളുടെ വിതരണം നടത്തുന്നതും സന്നദ്ധ പ്രവര്‍ത്തകരായിരിക്കും. ഓരോ ട്രാക്ടറുകളിലും നാലോ അഞ്ചോ കര്‍ഷകരടങ്ങുന്ന സംഘമുണ്ടായിരിക്കും. കേന്ദ്ര സമിതി പുതുതായി നിര്‍മിച്ച കണ്‍ട്രോള്‍ റൂമിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കും.

അതിനിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലും കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്രാ സര്‍ക്കാരിന്‍റെ പിന്തുണയോടെയാണ് പ്രതിഷേധിക്കുക. നാസിക്കില്‍ നിന്ന് തിരിച്ച കര്‍ഷകര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മുംബൈയിലെത്തും.

നാളെ രാവിലെ മുംബൈയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണ കക്ഷി നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. റിപ്പബ്ലിക് ദിനത്തില്‍ മുംബൈയിലെ ആസാദ് മൈതാനത്ത് കര്‍ഷകര്‍ സംഘടിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button