72-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം
ന്യൂഡൽഹി : രാജ്യം 72-ാംറിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധസ്മാരകത്തില്‍ ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു. തൊട്ടുപിന്നാലെ രാജ്പഥില്‍ പരേഡ് ആരംഭിച്ചു.
അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വിശിഷ്ടതിഥി ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനാഘോഷ റാലിയുടെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി. ലെഫ്റ്റനന്റ് കേണല്‍ അബു മുഹമ്മദ് ഷഹനൂര്‍ ഷവോണിന്റെ നേതൃത്വത്തിലുളള 122 അംഗസേനയാണ് പരേഡില്‍ പങ്കെടുത്തത്.
രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്ന സൈനിക പരേഡ്. ടാങ്ക് 90-ഭീഷ്മ, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, ഷിൽക വെപ്പൺ സിസ്റ്റം, രുദ്ര-ദ്രുവ് ഹെലികോപ്ടറുകൾ, ബ്രഹ്മോസ് മിസൈൽ എന്നിവ പ്രദർശിപ്പിച്ചു.
പരേഡിൽ പങ്കെടുത്ത 861ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രമാണ്. 15ന് ഡൽഹിയിൽ നടന്ന കരസേനാ ദിനാചരണത്തോടനുബന്ധിച്ചുള്ള പരേഡിലും ബ്രഹ്മോസിന്റെ കാഹളം ‘സ്വാമിയേ ശരണമയ്യപ്പാ’ തന്നെയായിരുന്നു.
ഇന്ത്യയുടെ അഭിമാനമായ കണ്ടുപിടുത്തം കോവിഡ് വാക്സിനും നിശ്ചലദൃശ്യത്തിൽ അഭിമാനമായി.
രാജ്യത്തെ ഫൈറ്റർ ജെറ്റ് ആദ്യ വനിതാ പൈലറ്റിലൊരാളായ ഭാവന കാന്ത് എയർ ഫോഴ്സിന്റെ ടാബ്ലോയിൽ പങ്കെടുത്തു.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രദർശിപ്പിക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചലദൃശ്യപ്രദർശനം. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്ക് ആദ്യമായി നടത്തിയ നിശ്ചലദൃശ്യത്തോടെയാണ് സാംസ്കാരിക നിശ്ചലദൃശ്യ പ്രദർശനം ആരംഭിച്ചത്.
32 നിശ്ചദൃശ്യങ്ങളാണ് അണിനിരന്നത്. വടക്കൻ മലബാറിന്റെ തനത് കലാരൂപമായ തെയ്യമുൾപ്പെടുന്ന ദൃശ്യങ്ങളാണ് കേരളത്തിൽ നിന്നുള്ള നിശ്ചല ദൃശ്യത്തിലുൾപ്പെട്ടത്. അയോധ്യയുടേയും നിർദിഷ്ട രാം മന്ദിറിന്റേയും രൂപരേഖ ഉൾക്കൊളളുന്നതായിരുന്നു ഉത്തർപ്രദേശിന്റെ നിശ്ചലദൃശ്യം.
റാഫേൽ ഉൾപ്പെടെയുള്ള യുദ്ദവിമാനങ്ങളുടെ കരുത്തിനും ആകാശം സാക്ഷിയായി.