കർഷക പ്രക്ഷോഭം: യുദ്ധക്കളമായി ഡൽഹി
ന്യൂഡൽഹി : കർഷക പ്രതിഷേധത്തിൽ ഡൽഹിയിൽ വൻ സംഘർഷം. ഒരു കർഷകൻ മരണപ്പെട്ടു. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളമായി. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി.
ട്രാക്ടർ റാലിയിൽ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കർഷകർ മുന്നേറി. കണ്ണീർവാതകം പ്രയോഗിച്ചിട്ടും സമരക്കാർ പിൻവാങ്ങിയില്ല. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. സിംഘുവില്‍ നിന്ന് ഗാസിപൂര്‍ വഴി യാത്രതിരിച്ച സംഘം പ്രഗതി മൈതാനില്‍ പൊലീസുമായി ഏറ്റുമുട്ടുകയാണ്.
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസിനും കണ്ടെയ്നറുകള്‍ക്കും നേരെ കര്‍ഷകര്‍ ആക്രമണം നടത്തി. ട്രാക്ടറുമായി മുന്നേറിയ കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. ഇപ്പോഴും സംഘർഷം തുടരുകയാണ്.