കല്ലമ്പലത്ത് വാഹനാപകടം; 5 പേർ മരിച്ചു
തിരുവനന്തപുരം: കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ദേശീയപാതയില്‍ കല്ലമ്ബലം തോട്ടയ്ക്കാട് വച്ച് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം.
കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ്, സൂര്യോദയകുമാര്‍ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു. മരിച്ച രണ്ടുപേരുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, രണ്ടു പേരുടേത് വലിയ കുന്ന് ആശുപത്രിയിലും, ഒരാളുടെത് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണുള്ളത്.
അപകടത്തില്‍ കാര്‍ കത്തി നശിച്ചു. മീന്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യമടക്കം പരിശോധിച്ച ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.