കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും; പതിമൂന്നും പതിന്നാലും വയസുളള കുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചു
കൊല്ലം : കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും. കരിക്കോട് സ്വദേശികളായ എട്ടാംക്ലാസുകാരനും ഒന്‍പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് മര്‍ദനമേറ്റ കുട്ടി പറഞ്ഞു.
ഈ മാസം 24നാണ് സംഭവം നടന്നത്. കൊല്ലം കരൂര്‍ കല്‍ക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് പതിമൂന്നും പതിന്നാലും വയസുളള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെല്‍റ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഇന്നലെയാണ് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സംഭവം അറിഞ്ഞത്. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരന്നതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്.
ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കുട്ടികളുടെ കൈയിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.