വി.കെ ശശികല ജയിൽ മോചിതയായി
ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന വി.കെ ശശികല ജയിൽ മോചിതയായി. നാല് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയാണ് ശശികല മോചിതയായത്.
കോവിഡ് പോസിറ്റീവ് ആയതിനാൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശശികലയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് ചികിത്സ പൂർത്തിയായാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം.
1991- 96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ശശികലയ്‌ക്കെതിരെയുള്ള കേസ്. 2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എന്‍ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും, കോടതി ശിക്ഷിച്ചത്. ശശികല ജയിൽ മോചിതയാകുന്ന വിവരം അറിഞ്ഞ് ആശുപത്രിക്ക് പുറത്ത് നിരവധി അണികൾ ആണ് തടിച്ചുകൂടിയത്.
ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്‍റെ തീരുമാനം. എന്നാല്‍ വോട്ടുഭിന്നത തടയാന്‍ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചര്‍ച്ചകള്‍ക്കായി ജെ പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും.