ആലപ്പുഴ ബൈപ്പാസ് ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് നൽകും
ആലപ്പുഴ : അഞ്ച് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് നൽകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങില്‍ മുഖ്യ അഥിതി ആകും.
ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആകര്‍ഷണം. ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. കൊല്ലം ഭാഗത്ത് നിന്ന് വരുമ്പോള്‍ കളര്‍കോട് നിന്നും എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോള്‍ കൊമ്മാടിയില്‍ നിന്നും ബൈപ്പാസില്‍ കയറാം. ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാകും.
ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിര്‍മാണോദ്ഘാടനം. 2001 ല്‍ ഒന്നാംഘട്ട പൂര്‍ത്തിയായി. 2004 ല്‍ രണ്ടാംഘട്ടനിര്‍മാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം റെയില്‍വേ മേല്‍പ്പാലങ്ങളുടെ പേരിലും വര്‍ഷങ്ങളോളം നിര്‍മാണം വൈകി.
2006 ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ. മുനീറാണ് ബീച്ചിലൂടെ മേല്‍പ്പാലം എന്ന ആശയം പ്രഖ്യാപിച്ചത്. എന്നാല്‍ റെയില്‍വേ മേല്‍പ്പാലം, ഫ്ലൈ ഓവര്‍ എന്നിവയുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ 2009 ല്‍ ഹൈക്കോടതി ഇടപെട്ടു. കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 2012 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായി ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു.
2015 ല്‍ 344 കോടി രൂപ ചെലവില്‍ പുതിയ എസ്റ്റിമേറ്റ് വന്നു. 2016 ല്‍ മേല്‍പ്പാലത്തിനായി ബീച്ചിനോട് ചേര്‍ന്ന് നിർമ്മാണം തുടങ്ങി. 2020 ജൂണ്‍ മാസത്തോടെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നെ അതിവേഗത്തില്‍ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നടപടികൾ പൂർത്തിയാക്കി.