Top Stories

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം: ഇറാനിയന്‍ ബന്ധമെന്ന് സംശയം

ന്യൂഡൽഹി : ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ ഇറാനിയന്‍ ബന്ധമെന്ന് സംശയം. സംഭവ സ്ഥലത്ത് നിന്നും ‘ഇസ്രായേല്‍ അംബാസിഡര്‍ക്കുള്ളത്’ എന്ന് അഭിസംബോധന ചെയ്തുള്ള ഒരു കത്ത് കണ്ടെടുത്തു. കത്തില്‍ സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്നാണ് പരാമര്‍ശിക്കുന്നത്. അതോടൊപ്പം 2020 ജനുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ജനറല്‍ ക്വാസിം സുലൈമാനി, നവംബറില്‍ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജന്‍ മൊഹസെന്‍ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇതോടെയാണ് ഇറാനിയന്‍ സംഘടനകള്‍ക്ക് അടക്കമുള്ള പങ്ക് സംശയിക്കുന്നത്.

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും അന്വേഷണത്തിനായി ഇന്ത്യ തേടിയിട്ടുണ്ട്. എംബസിക്ക് മുന്നിലേക്ക് രണ്ട് പേര്‍ വാഹനത്തില്‍ വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗത്തെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്തുന്നുണ്ട്. അതീവ ഗൗരവമായാണ് ആഭ്യന്തര മന്ത്രാലയം സംഭവത്തെ കാണുന്നത്. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകള്‍ വച്ച്‌ അടച്ചിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആളാപായമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button