തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം അതില്‍ മാറ്റമുണ്ടാകില്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി പത്രകുറിപ്പിറപ്പിൽ പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിക്കാൻ കോൺഗ്രസിനുള്ളിൽ നീക്കമെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവന്നിരുന്നു. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിപ്പിക്കാനാണ് ആലോചന. പകരം പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ നിർത്താനും ചർച്ചകൾ നടക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.