ഡോളർക്കടത്ത് കേസിലും എം. ശിവശങ്കറിന് ജാമ്യം
കൊച്ചി : ഡോളർക്കടത്ത് കേസിൽ എം. ശിവശങ്കറിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം നൽകിയത്. രണ്ട് ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യത്തിലാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണം എന്നിവയും ജാമ്യവ്യവസ്ഥയിലുണ്ട്.
കസ്റ്റംസിന്റെ സ്വര്‍ണ കടത്ത് കേസിലും ഇഡിയുടെ കള്ളപണ കേസിലും നേരത്തെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയതോടെ ശിവശങ്കർ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. കാക്കനാട് ജയിലിലാണ് ശിവശങ്കർ ഇപ്പോൾ ഉള്ളത്. 98 ദിവസമായി ശിവശങ്കർ ജയിലിലായിരുന്നു.
സ്വർണ്ണക്കടത്ത് കേസിലായിരുന്നു ശിവശങ്കർ ആദ്യം അറസ്റ്റിലാകുന്നത്. പിന്നീട് കള്ളപ്പണക്കേസിൽ ഈ ഡിയും ശിവശങ്കറിനെ അറസ്റ്റ് ചെയ്യ്തു. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.