ജെ.പി നദ്ദ ഇന്ന് കേരളത്തിൽ
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന നദ്ദ തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നിലപാടുകളും എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളുമായുളള സീറ്റ് ചര്‍ച്ചകളുമാണ് നദ്ദയുടെ കേരള സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നദ്ദ എത്തുക. തുടര്‍ന്ന് സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരുടെ യോഗത്തെയും ജെ പി നദ്ദ അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തുന്ന ബിജെപി അദ്ധ്യക്ഷന്‍ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ച നടത്തും.
തിരുവനന്തപുരത്തും തൃശൂരിലും വിശദമായ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും നദ്ദയുടെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നാളെ രാവിലെ നെടുമ്ബാശ്ശേരിക്ക് പോകും. വ്യാഴാഴ്ച വൈകിട്ട് തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടത്തുന്ന പൊതു സമ്മേളനം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.