ഡോളർക്കടത്ത് കേസ്: ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ ഇന്ന് വിധി
കൊച്ചി : ഡോളർക്കടത്ത് കേസിൽ എം. ശിവശങ്കർ സമർപ്പിച്ച ജാമ്യപേക്ഷയിൽ ഇന്ന് വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യപേക്ഷയിൽ വിധി പറയുക.
കസ്റ്റംസിന്‍റെ സ്വര്‍ണ കടത്ത് കേസിലും ഇഡിയുടെ കള്ളപണ കേസിലും നേരത്തെ ജാമ്യം ലഭിച്ച ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയാല്‍ പുറത്തിറങ്ങാം. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. നിലവിൽ ശിവശങ്കര്‍ റിമാന്‍ഡിലാണ്. അടുത്ത മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി.
ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.