എടിഎമ്മില്‍ മലയാളി യുവതിയെ ആക്രമിച്ച സംഭവം: പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ
ബെംഗളൂരു : എടിഎമ്മില്‍ പണമെടുക്കാനെത്തിയ മലയാളി യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് കോടതി പത്ത് വര്‍ഷം തടവുശിക്ഷ വിധിച്ചു. ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ആന്ധ്രപ്രദേശ് സ്വദേശി മധുകര്‍ റെഡ്ഡിക്ക് ശിക്ഷ വിധിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്.
2013 നവംബര്‍ 19ന് ബെംഗളൂരു കോര്‍പ്പറേഷന്‍ സര്‍ക്കിളില്‍ നടന്നത്. രാവിലെ എടിഎമ്മില്‍ പണമെടുക്കാനായി കയറിയ തിരുവനന്തപുരം സ്വദേശിനിയായ ബാങ്കുദ്യോഗസ്ഥ ജ്യോതി ഉദയയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ജ്യോതി എടിഎമ്മില്‍ കയറിയതിന് പിന്നാലെ കയറിയ പ്രതി തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് തയാറാകാഞ്ഞപ്പോള്‍ കത്തികൊണ്ട് മാരകമായി മുറിവേല്‍പിച്ച് മൊബൈല്‍ഫോണ്‍, പേഴ്സ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവയെല്ലാം തട്ടിയെടുത്തശേഷമാണ് പ്രതി സ്ഥലം വിട്ടത്. ഗുരുതരമായി പരിക്കേറ്റ ജ്യോതി മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ലാണ് ആന്ധ്രപ്രദേശിലെ മദനപ്പള്ളിയില്‍നിന്നാണ് മധുകര്‍ റെഡ്ഡിയെ പൊലീസ് പിടികൂടിയത്.
വിചാരണക്കിടെ പിതാവ് കിടപ്പിലാണെന്നും ഭാര്യയും മക്കളും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി അപേക്ഷിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. തടവിനൊപ്പം പന്ത്രണ്ടായിരം രൂപ പിഴ അടക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.