Top Stories
പെരിയ ഇരട്ടക്കൊലക്കേസ്: സിപിഎം ഓഫിസില്‍ സിബിഐ പരിശോധന നടത്തി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഎം ഓഫിസില്‍ സിബിഐ പരിശോധന നടത്തി. കാസര്‍കോട് ഉദുമ ഏരിയാ കമ്മിറ്റി ഓഫിസിലായിരുന്നു പരിശോധന. ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുടെ മൊഴിയെടുത്തു. കേസിലെ 14-ാം പ്രതിയാണ് മണികണ്ഠൻ. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നാലുപ്രതികള്‍ കൃത്യത്തിനുശേഷം ഏരിയ കമ്മിറ്റി ഓഫിസില്‍ താമസിച്ചിരുന്നു. ഓഫീസ് സെക്രട്ടറിയോട് കാര്യങ്ങൾ വിശദീകരിച്ച ശേഷം അകത്തേക്ക് കയറിയ സി.ബി.ഐ ഉദ്യോഗസ്ഥർ പ്രതികൾ ഉറങ്ങിയ ഇടവും മറ്റും കൃത്യമായി രേഖപ്പെടുത്തി. 2019 ഫെബ്രവുരി 17-നാണ് കൊല നടത്തിയത്. അന്നു രാത്രി പ്രതികളിൽ നാലു പേർ സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റി ഓഫീസിലും ബാക്കി നാലുപേർ വെളുത്തോളി ഗ്രാമത്തിലെ ഒരു വീട്ടിലുമാണ് തങ്ങിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്.
സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടിൽ പീതാംബരൻ ഉൾപ്പടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരിൽ 11 പേരും കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. എട്ടുപേരാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഇവർ രണ്ടു വാഹനങ്ങളിലായി വെളുത്തോളി ഗ്രാമത്തിലെത്തുകയും അവിടെ നിന്നു നാലുപേർ ചട്ടഞ്ചാലിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയെന്നുമാണ് റിപ്പോർട്ട്. മുൻ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കൃത്യമാണോയെന്ന പരിശോധനയാണ് സി.ബി.ഐ നടത്തുന്നത്.
വെളുത്തോളിയിൽ വച്ചാണ് പ്രതികൾ തങ്ങളുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞത്. ഈ സ്ഥലത്തും സി.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കൊലയ്ക്കു ശേഷം വാഹനങ്ങൾ ഉപേക്ഷിച്ചയിടം, ആയുധങ്ങൾ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലും സി.ബി.ഐ സംഘമെത്തി. കല്ല്യോട്ടെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ ശരത് ലാലിന്റെ അമ്മ ലത, കൃപേഷിന്റെ അച്ഛൻ പി.കൃഷ്ണൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.