Top Stories
ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു
പാലക്കാട് : ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് പൂളക്കാട് ഇന്ന് പുലർച്ചെയാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകൻ ആമിലിനെ കൊലപ്പെടുത്തിയത്. കുളിമുറിയിൽവെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നൽകിയ വിവരം. മൂന്നുമാസം ഗർഭിണിയാണ് ഷാഹിദ.
ഷാഹിദ തന്നെയാണ് കൊലപാതകത്തിനു ശേഷം പോലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുന്ന സമയത്ത് വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു ഷാഹിദ. ഈ സമയത്ത് ഇവരുടെ ഭര്‍ത്താവും മറ്റുമക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയ ശേഷമാണ് ഇവരും വിവരമറിഞ്ഞത്. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നുമക്കളാണ് ഷാഹിദ-സുലൈമാൻ ദമ്പതികൾക്കുള്ളത്. ഇതിൽ മൂന്നാമത്തെയാളാണ് ആമിൽ. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എസ് പി ആര് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.