കത്വ കേസ്: യൂത്ത് ലീഗ് പണം നൽകി എന്ന വാദം തള്ളി അഭിഭാഷക
ന്യൂഡല്‍ഹി : കത്വ കേസിൽ കുടുംബത്തിന് നിയമസഹായം നൽകുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട ആരോപണം വഴിത്തിരിവിലേക്ക്. പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന യൂത്ത് ലീഗ് നേതാക്കളുടെ വാദം അഭിഭാഷക തള്ളി. കേരളത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചു.
കേരളത്തില്‍ നിന്ന് കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താന്‍ പൂര്‍ണമായും സൗജന്യമായിട്ടാണ് നടത്തുന്നത്. യൂത്ത് ലീഗ് പണം നൽകിയെന്ന് പറയുന്ന അഭിഭാഷകനായ മുബീൻ ഫറൂഖിക്ക് കേസ് നടത്തിപ്പിൽ യാതൊരു ബന്ധവും ഇല്ലെന്നും ദീപിക സിങ് രജാവത്ത് പറഞ്ഞു.
കഠുവ അഭിഭാഷകർക്ക് 9,35,000 രൂപ നൽകിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികൾ വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകർക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നൽകിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. മുബീൻ ഫാറൂഖിയാണ് കോടതികളിൽ കേസ് കോർഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മുബീൻ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്.