ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: 7 മൃതദേഹങ്ങള്‍ കണ്ടെടുത്തു,16 പേരെ രക്ഷപെടുത്തി
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കൂടുതല്‍ സംഘങ്ങള്‍ ഇന്ന് സ്ഥലത്തെ തെരച്ചിലിനെത്തും. അണക്കെട്ടിലെ രണ്ടാമത്തെ sണലില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. 30 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. 170 പേരെ കൂടെയാണ് ഇനി കണ്ടെത്താനുള്ളത്.
7 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍പേര്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. വ്യോമസേനയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.
മണ്ണും ചെളിയും നീക്കാന്‍ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ഡെറാഡൂണില്‍ എത്തിയ രക്ഷാപ്രവര്‍ത്തക വിദഗ്ധരെ രാവിലെയോടെ വ്യോമ മാര്‍ഗം ചമോലിയില്‍ എത്തിക്കും.
തപോവൻ തുരങ്കത്തിൽ കുടുങ്ങിയ 16 പേരേയും രക്ഷപ്പെടുത്തി. ഐടിബിപി ഉദ്യോഗസ്ഥരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. തപോവൻ വൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ ജോലിയെടുത്ത തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ അകപ്പെട്ടത്. മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്ന് ധൗളി ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ മൂടിയാണ് തുരങ്കം അടഞ്ഞത്. ആറു ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ജോഷിമഠിനടുത്ത് തപോവൻ റെനി പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞത്. ദുരന്തത്തിൽ ഇതുവരെ 125 പേരെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. ധൗളിഗംഗയുടെ തീരങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഗംഗാതടത്തിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. ചമോലിയ്ക്ക് അടുത്തുള്ള റെജി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും ഒഴിപ്പിച്ചിരുന്നു. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അളകനന്ദ നദിയും ധൗളി ഗംഗാ നദിയും കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്റെ വ്യാപതി ഇരട്ടിയാക്കിയത്. നിർമാണത്തിലിരുന്ന രണ്ട് അണക്കെട്ടുകളും തകർന്നിട്ടുണ്ട്. ധൗളിഗംഗ, ജോഷിമഠ് എന്നിവിടങ്ങളില്‍ വന്‍ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഭാഗീരഥി നദിയിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്.