ഉത്തരാഖണ്ഡ് ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു. 197 പേരെ കൂടി കണ്ടെത്താന്‍ ഉണ്ടെന്നാണ് ഉത്തരാഖണ്ഡ് ദുരന്ത നിവാരണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ദുരന്തത്തില്‍ മരിച്ച 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. 32 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് .
തപോവനിലെ തുരങ്കത്തില്‍ കുടുങ്ങിയ 35 പേരെ കണ്ടെത്താനായി രാത്രി വൈകിയും തിരച്ചിലും തുടരുകയാണ്. തുരങ്കത്തിലെ മണ്ണും ചെളിയും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല.ഇത് രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ ആണ് തുരങ്കത്തിന്‍റെ നീളം. വലിയ ജെ.സി.ബി എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുകയാണ്. ഡോഗ് സ്ക്വാഡ് ഉൾപ്പടെ തിരച്ചിലിനായി രംഗത്തുണ്ട്.
ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ദൂരത്തില്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എന്‍ഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
കരസേനയും ഐ.ടി.ബി.പി.യും എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും ഉൾപ്പെട്ട സംഘം രാപകലില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയാണ്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ചമോലിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.