ആന്ധ്രപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു
ഹൈദരാബാദ് : ആന്ധ്രപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് കുട്ടികളടക്കം 14 പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ദേശീയപാതയിൽ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.
ദേശീയപാത 44ല്‍ മദര്‍പുര്‍ ഗ്രാമത്തിന് സമീപത്താണ് നാടിനെ നടുക്കിയ അപകടം. അപകട സമയത്ത് ബസില്‍ 18 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ നാല് കുട്ടികള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
മഡനപ്പള്ളിയില്‍ നിന്ന് അജ്‌മേറിലേക്ക് പോകുകയായിരുന്ന സംഘമാണ് കൊല്ലപ്പെട്ടത്. പൊട്ടിപ്പൊളിഞ്ഞ വാഹനത്തില്‍ നിന്ന് യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിയതോ ടയര്‍ പൊട്ടിപ്പോയതോ ആകാം അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം.