6100 കോടിയുടെ വികസന പദ്ധികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
കൊച്ചി : രാജ്യത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന വന്‍കിട പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 6100 കോടിയുടെ വികസന പദ്ധികളാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. എറണാകുളം അമ്പലമുഗളില്‍ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആര്.ഇ.പി) അനുബന്ധമായി സ്ഥാപിച്ച പി.ഡി.പി.പി., കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ തുറമുഖ ട്രസ്റ്റ് നിര്‍മ്മിച്ച ‘സാഗരിക’ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍ എന്നിവയുടെ കമ്മിഷനിംഗ് പ്രധാനമന്ത്രി നിര്‍വഹിച്ചു.
കേരളത്തിന്റെ വികസനത്തിന് ഊര്‍ജം പകരാന്‍ ഉതകുന്നതാണ് സമര്‍പ്പിക്കപ്പെട്ട പദ്ധതികളെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാടിന്റെ സ്വയം പര്യാപ്തതയ്ക്കും, വിദേശനാണ്യശേഖരണത്തിനും ഇത് വഴിയൊരുക്കും. നിരവധി അനുബന്ധ വ്യവസായങ്ങളും, തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 6,000 കോടി രൂപ ചെലവിട്ടാണ് പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പ്രൊജക്ട് (പി.ഡി.പി.പി) ഒരുക്കിയത്. നിഷ് പെട്രോകെമിക്കലുകള്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എല്‍.
റോ റോ പദ്ധതി യാഥാര്‍ത്യമാകുന്നതോടെ കൊച്ചിക്കാര്‍ക്ക് യാത്രാസമയം ഏറെ ലാഭിക്കാന്‍ കഴിയും. കരയിലൂടെയുള്ള 30 കിലോമീറ്റര്‍ യാത്ര വെറും മൂന്ന് കിലോമീറ്ററായി ചുരുങ്ങും. ‘സാഗരിക’ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍ കൊച്ചിന് ടൂറിസത്തിന് വമ്പന്‍ സാദ്ധ്യത തുറന്നുനല്‍കും. വര്‍ഷത്തില്‍ ഒരു ലക്ഷത്തിലേറെ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കാന്‍ സാഗരികയക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
25.72 കോടി രൂപയാണ് അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലിന്റെ നിര്‍മ്മാണച്ചെലവ്. നിലവില്‍ 250 മീറ്റര്‍ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയില്‍ അടുക്കുന്നത്. പുതിയ ടെര്‍മിനലില്‍ 420 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാം. 12,500 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെര്മിനസില് ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍, ഏഴ് സെക്യൂരിറ്രി കൗണ്ടറുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വൈഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും.
സംരംഭകരായ ചെറുപ്പക്കാര്‍ വിനോദ സഞ്ചാര മേഖലയക്ക് ഉത്തേജനം പകരുന്ന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അതിനായി ചുറ്റുമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്, അതിന്റെ വികസന സാദ്ധ്യതകള്‍ കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കൊച്ചിന് ഷിപ്പ്യാര്ഡിലെ വിജ്ഞാന സാഗര്‍. നൈപുണ്യ വികസനത്തിന്റെ ഭാഗമാണ് വിജ്ഞാന സാഗര്‍ എന്ന പഠന കേന്ദ്രം. മറൈന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അനുഗ്രഹം തന്നെയാണ് വിജ്ഞാന സാഗര്‍ എന്നും മോദി കൂട്ടിച്ചര്‍ത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, തുറമുഖ സഹമന്ത്രി മന്‍സുഖ് എല്‍. മാണ്ഡവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.