ഡോളർ കടത്ത് കേസിൽ സന്തോഷ് ഈപ്പൻ അറസ്റ്റിൽ
കൊച്ചി : ഡോളർ കടത്ത് കേസിൽ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് കസ്റ്റംസ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു.
ലൈഫ് മിഷനിൻ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റിയാണ് വിദേശത്തേക്ക് കടത്തിയത്. ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ. മറ്റ് നാലു പ്രതികളിൽ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ സാമ്പത്തിക കാര്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയ സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചു.
കേസിലെ മറ്റു പ്രതികൾ സ്വപ്ന, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കർ ഈ കേസിലെ നാലാം പ്രതിയാണ്. കൂടുതൽ പ്രമുഖർ ഈ കേസിൽ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നൽകുന്നുണ്ട്.
ഏകദേശം നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷൻ ഇടപാടായി നടന്നിട്ടുണ്ടെന്ന് എൻ.ഐ.എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യൻ പൗരനും നൽകിയതായാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നത്.