മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 37 മരണം
ഭോപ്പാൽ : മധ്യപ്രദേശിലെ സീധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു. സീധിയിൽ നിന്നും സത്നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരിൽ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം.
മരിച്ചവരിൽ 16 സ്ത്രീകളും 20 പുരുഷൻമാരും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഏഴുപേർ കനാൽ തീരത്തേക്ക് നീന്തിക്കയറിയതായും റിപ്പോർട്ട് ഉണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. നിലവിൽ 37 മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് കമ്മീഷണർ രാജേഷ് ജെയിൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ബസ് പൂർണമായും കനാലിൽ മുങ്ങിയിരുന്നു.
ട്രാഫിക് തടസം ഒഴിവാക്കാൻ കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തൽ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കനാലിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും വീതം നൽകാൻ പ്രധാനമന്ത്രി നിർദേശം നൽകി.