Top Stories
വിവാദങ്ങളിൽ സലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കമൽ
തിരുവനന്തപുരം : സലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഐഎഫ്‌എഫ്കെ കൊച്ചി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സലിംകുമാറിനെ ഉൽഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹവുമായി അരമണിക്കൂര്‍ സംസാരിച്ചെന്നും കമല്‍ പറഞ്ഞു. വിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം എന്നുമായിരുന്നു കമലിന്‍റെ പ്രതികരണം.
സംവിധായകന്‍ ഷാജി എന്‍ കരുണിനെ ക്ഷണിച്ചിട്ടില്ല എന്നത് അടിസ്ഥാനരഹിതമായ ആരോപണം. ഷാജി എന്‍ കരുണിനെയും ചടങ്ങില്‍ ക്ഷണിച്ചിരുന്നതായും അവഹേളിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു. അദ്ദേഹത്തിന് വേദനിച്ചെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും കമല്‍ പറഞ്ഞു. എന്നാല്‍ ക്ഷണിക്കാത്തതില്‍ അപാകതയില്ലെന്നും ഐഎഫ്‌എഫ്‍കെയുമായി മുന്‍പും ബന്ധമില്ലെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു.
അതേസമയം ഐഎഫ്‌എഫ്കെ കൊച്ചി ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സലിംകുമാര്‍ അറിയിച്ചു. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലി൦കുമാറിന്‍റെ പ്രതികരണം. തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ ചിലരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും സലി൦കുമാ൪ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തുന്നത്. കൊച്ചി മേഖല ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ ആദ്യം ചര്‍ച്ചയായത് മേളയിലെ സലിംകുമാറിന്‍റെ അസാന്നിദ്ധ്യമായിരുന്നു. 25ാംമത് മേളയുടെ പ്രതീകമായി സംവിധായകന്‍ കെ ജി ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ 25 ചലച്ചിത്ര പ്രവര്‍ത്തകര്‍ തിരി തെളിയിച്ചാകും ഉദ്ഘാടനം നടക്കുക.