Top Stories

കോളേജ് അധ്യാപക നിയമനത്തിൽ കെ.ടി ജലീൽ ഇടപെട്ടെന്ന് പരാതി

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീൽ ചട്ടവിരുദ്ധമായി കോളേജ് അധ്യാപക നിയമനത്തിന് കേരള സർവകലാശാല വി.സിക്ക് നിർദ്ദേശം നൽകിയന്ന് ആരോപണം. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻ ഭാഷാ അധ്യാപകനും പ്രിൻസിപ്പാളുമായ ഡോ. ഫാ. വി.വൈ. ദാസപ്പനെയാണ് ഇതേ കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാൻ ജലീൽ ഇടപെട്ടത്. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

യു.ജി.സി ചട്ടപ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയിലൂടെ ഒരു വിഷയത്തിൽ നിയമിക്കുന്ന അധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റി നിയമിക്കുവാൻ പാടില്ലെന്ന് യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് അനുശാസിക്കുന്നു. ഇതുസംബന്ധിച്ച സുപ്രീം കോടതിയുടെ വിധികൂടി ചൂണ്ടികാണിച്ച് സർവകലാശാല തള്ളിക്കളഞ്ഞ അപേക്ഷ പുനഃപരിശോധിക്കാനാണ് മന്ത്രി ഇപ്പോൾ വിസിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇതിനുവേണ്ടി സർവകലാശാലയുടെയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം മന്ത്രിയുടെ ചേംബറിൽ വിളിച്ചുകൂട്ടിയാണ് മന്ത്രി ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. ചട്ടപ്രകാരം തള്ളിക്കളഞ്ഞ അപേക്ഷ മന്ത്രിയുടെ നിർദ്ദേശപ്രകാരം പുനഃപരിശോധിക്കാൻ വൈസ് ചാൻസലർ ഇന്നത്തെ സിൻഡിക്കേറ്റിന്‍റെ പരിഗണനയ്‌ക്ക് സമർപ്പിച്ചിരിക്കുകയാണ്.

ഇത് അനുവദിച്ചാൽ സൗകര്യപ്രദമായ വിഷയങ്ങളിൽ നിയമനങ്ങൾ നടത്തുന്നതിന് സ്വകാര്യ മാനേജ്മെന്‍റുകൾ നിരവധി അധ്യാപകരെ വിഷയം മാറ്റി നിയമിക്കാനുള്ള സാദ്ധ്യതകൾ വർധിക്കും. ഇത് ചട്ടപ്രകാരം രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന രീതിയിൽ ഗൗരവതരമാണ്. ഈ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button