ഇന്ന് കർഷകസംഘടനകളുടെ ട്രെയിന്‍ തടയൽ
ന്യൂഡല്‍ഹി : കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകസംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലു വരെയാണ് ട്രെയിന്‍ തടയുക. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
അതേസമയം കേരളത്തില്‍ ട്രെയിന്‍ തടയില്ല. പകരം സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
സമരം മുന്‍നിര്‍ത്തി റെയില്‍വേ വ്യാഴാഴ്‌ചത്തെ പല ട്രെയിനും റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കും ഫെബ്രുവരി ആറിന്റെ റോഡ് തടയലിനും ശേഷം അഖിലേന്ത്യാതലത്തില്‍ കര്‍ഷകസംഘടനകള്‍ സംഘടിപ്പിക്കുന്ന സമരപരിപാടിയാണ് റെയില്‍ തടയല്‍.
ട്രെയിന്‍ തടയാനെത്തുന്ന കര്‍ഷകരെ നേരിടാന്‍ യുപി, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദ്രുതകര്‍മ സേനയെ അടക്കം വിന്യസിച്ചിട്ടുണ്ട്.