മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് അവരോട് സംവദിച്ച് രാഹുല്‍ ഗാന്ധി
കൊല്ലം : മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് അവരോട് സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലം വാടി കടപ്പുറത്തു നിന്ന് പുലര്‍ച്ചെ കടലിലേക്ക് പോയ രാഹുൽ ഗാന്ധി തിരിച്ചുവന്ന ശേഷം മത്സ്യ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് മത്സ്യത്തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി ആരോപിച്ചു. കടലിനോട് പോരാടി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് മറ്റാർക്കോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ ഞാൻ എന്റെ സഹോദരന്മാർക്കൊപ്പം കടലിൽ പോയി. തീരത്ത് നിന്ന് ബോട്ടെടുത്ത നിമിഷം മുതൽ തിരിച്ചെത്തും വരെ എന്റെ സഹോദരന്മാർ പോരാടുകയായിരുന്നു. വലിയ വെല്ലുവിളികൾ നേരിട്ടാണ് അവർ മത്സ്യബന്ധനം നടത്തുന്നത്. അവരുടെ അധ്വാനത്തിനുളള പ്രതിഫലം ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതിനായി ട്രോളർ വാങ്ങാൻ ശ്രമിക്കുകയാണ് സർക്കാർ. കേരളത്തിലെ സർക്കാർ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യുന്നതെന്ന് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ഒരുപരിധിവരെ തനിക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വിപണയിൽ എണ്ണവില കുറയുമ്പോൾ നമ്മുടെ രാജ്യത്ത് വർധിക്കുയാണ്. പാവപ്പെട്ടവരുടെ കൈയിലുളള പണം മൂന്നോ നാലോ പേരുടെ പോക്കറ്റുകളിലേക്കാണ് പോകുന്നത്. അത് നിങ്ങളുടെ കൈയിൽ തിരിച്ചുവരുന്നതിനായി ഞാൻ പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്നലെയാണ് രാഹുല്‍ കൊല്ലത്ത് എത്തിയത്. പുലര്‍ച്ചെ 5.15 ഓടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി തീരദേശമേഖലയിലെത്തിയത്. വാടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധന വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ കടല്‍യാത്ര. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ടശേഷമാണ് രാഹുൽ മടങ്ങിയെത്തിയത്. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികൾ രാഹുലുമായുള്ള സംവാദത്തിൽ പങ്കെടുത്തു.