Top Stories
ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ
ആലപ്പുഴ : വയലാറിൽ ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍ , സുനീര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. സംഭവത്തെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ആർ.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ്. പ്രവർത്തകൻ വയലാർ കടപ്പള്ളി കെ.എസ്.നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയറ്റതായാണ് വിവരം.
രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.ഐ. നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടർച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പോലീസ് കാവലിലായിരുന്ന പ്രകടനങ്ങൾ.
അതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർതമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു. കല്ലേറും കൂട്ടത്തല്ലുമുണ്ടായതായാണ് വിവരം. അതിനിടെയാണ് ഇരുവർക്കും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കുപിന്നിലാണ് വെട്ടേറ്റത്. കെ.എസ്.നന്ദുവിന്റെ വലതുകൈയാണ് അറ്റുപോയത്. ഇരുവരെയും ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30-ഓടെ മരിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കൊല്ലപ്പെട്ട നന്ദുകൃഷ്ണയുടെ വീട് സന്ദർശിച്ചു.