Top Stories
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു.
117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വൺ കംപാർട്ട്മെന്റിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഇരുന്നിരുന്ന സീറ്റിന് അടിയിൽ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ചെന്നൈ കട്പാടിയിൽ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. ഇവരെ ആർ.പി.എഫും പൊലീസും സ്പെഷൽ ബ്രാഞ്ചും ചോദ്യം ചെയ്യുകയാണ്.
അതേസമയം, പിടിയിലായ സ്ത്രീയുടേതാണോ സ്ഫോടകവസ്തു എന്ന കാര്യം വ്യക്തമായിട്ടില്ല. ഇവരെ ചോദ്യംചെയ്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. തിരൂരിനും കോഴിക്കോടിനും ഇടയിൽ വച്ചാണ് പാലക്കാട് ആർ.പി.എഫ് സ്പെഷൽ സ്ക്വാഡ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.